13 കിലോമീറ്റര്‍ റോഡ് ഉദ്ഘാടനം ചെയ്യാന്‍ മോദി പറന്നത് 3500 കിലോമീറ്റര്‍; പവനായി മോദിയായെന്ന് ട്രോളന്‍മാര്‍

Update: 2019-01-16 02:56 GMT

കൊല്ലം: വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് ട്രോളന്‍മാര്‍ക്ക് ചാകരയായി. കേവലം 13 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഒരു ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്യാന്‍ ദീര്‍ഘദൂരം സഞ്ചരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയതിനെയാണ് പലരും പരിഹസിക്കുന്നത്.

പ്രമുഖ കഥാകൃത്ത് എന്‍ എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെ: സ്മൃതി ഇറാനിയോടുള്ള എന്റെ ബഹുമാനം പെട്ടെന്ന് കൂടി. അവര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ ഒരു സിടി സ്‌കാന്‍ മെഷീനെങ്കിലും ഉണ്ടായിരുന്നു. മോദിയെ നോക്കൂ, രണ്ട് വരിയുള്ള 13 കിലോമീറ്റര്‍ റോഡ് ഉദ്ഘാടനം ചെയ്യാന്‍ 3500 കിലോമീറ്ററാണ് അദ്ദേഹം സഞ്ചരിച്ചത്!#പവനായിമോദിയായി.



#പവനായിമോദിയായി, #ഓട്‌മോദീകണ്ടംവഴി എന്നീ ഹാഷ് ടാഗുകളിലാണ് ട്രോളുകള്‍ മുഴുവന്‍.

ദേശീയ പാതയിലുള്ള 13.141 കിലോമീറ്റര്‍ ബൈപാസ് 47 വര്‍ഷം മുമ്പാണ് ആദ്യമായി നിര്‍ദേശിക്കപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകനായ അനില്‍ ബിശ്വാസ്. 40 വര്‍ഷം മുമ്പാണ് ഭൂമി ഏറ്റെടുത്തത്. പണി ആരംഭിച്ചത് 28 വര്‍ഷം മുമ്പ്. ആകെ ഒരു സാരിയുടെ നീളത്തില്‍ മാത്രം വീതിയുള്ള ബൈപ്പാസിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള മല്‍സരത്തിലാണ് എല്ലാവരും-അദ്ദേഹം പരിഹസിച്ചു.

അതേ സമയം, സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് പരിഹാസം കാണിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. രണ്ട് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ഒരു രാഷ്ട്രീയ റാലിയില്‍ പങ്കെടുക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയതെന്നും ബിജെപി വിശദീകരിക്കുന്നു. 

Tags:    

Similar News