ബൈപ്പാസ് ഉദ്ഘാടനത്തിനു വരാതിരുന്നത് കുമ്മനത്തിന്റെ അനുഭവം ഓര്‍ത്ത്: ശ്രീധരന്‍ പിള്ള
കൊല്ലം ബൈപ്പാസ് ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂക്കിവിളിയും ശരണം വിളിയുമുണ്ടായതിനെ ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനു വരാതിരുന്നത് കുമ്മനം രാജശേഖരനുണ്ടായ അനുഭവം ഉണ്ടാവാതിരിക്കാനാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. പ്രധാനമന്ത്രി നേരിട്ടെത്തിയ പരിപാടിയില്‍ ശ്രീധരന്‍ പിള്ള വരാതിരുന്നത് ചര്‍ച്ചയായിരുന്നു. തുടര്‍ന്നു നല്‍കിയ വിശദീകരണത്തിലാണു ശ്രീധരന്‍പിള്ള ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിക്കു വരാതിരുന്നത് മനപ്പൂര്‍വമാണ്. കൊച്ചി മെട്രോയില്‍ കുമ്മനം കയറിയതും വാര്‍ത്തയായതുമാണ്. ഇതാവര്‍ത്തിക്കാതിരിക്കാനും അതേ ദുരനുഭവം നേരിടേണ്ടെന്നും കരുതിയാണ് പരിപാടിക്കു വരാതിരുന്നത്- ശ്രീധരന്‍ പിള്ള പറഞ്ഞു. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാതെയെത്തിയ കുമ്മനം രാജശേഖരന്‍ വന്‍ പരിഹാസത്തിനു വിധേയനായിരുന്നു. അതേസമയം കൊല്ലം ബൈപ്പാസ് ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂക്കിവിളിയും ശരണം വിളിയുമുണ്ടായതിനെ ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.