കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു; മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

കേരളം കടന്നുപോയത് പ്രളയം പോലെയുള്ള ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ്. കേരള പുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പദ്ധതികള്‍ പലതും 20-30 വര്‍ഷം വൈകുന്നത് കുറ്റകരമാണ്. കേരളത്തിന്റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും നരേന്ദ്രമോദി പറഞ്ഞു

Update: 2019-01-15 12:25 GMT

കൊല്ലം: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികള്‍ വൈകിപ്പിച്ച് പൊതുജനത്തിന്റെ പണം പാഴാക്കുന്ന രീതി അനുവദനീയമല്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ വികസനത്തിന് പ്രാധാന്യം നല്‍കി. കൊല്ലം ബൈപ്പാസ് പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായി. കേരളം കടന്നുപോയത് പ്രളയം പോലെയുള്ള ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ്. കേരള പുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പദ്ധതികള്‍ പലതും 20-30 വര്‍ഷം വൈകുന്നത് കുറ്റകരമാണ്. ഇതു ജനങ്ങളോടുള്ള ക്രൂരതയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്‍കി.

കേരളത്തിന്റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും സംസാരിച്ചു.


ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്. 2020ല്‍ ജലപാത പൂര്‍ണതയിലെത്തിക്കും. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വൈകിട്ട് നാലിനാണ് മോദി വിമാനമിറങ്ങിയത്. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി കൊല്ലത്ത് എത്തുകയായിരുന്നു. ബൈപ്പാസ് ഉദ്ഘാടനശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും റോഡ് ഷോ നടത്തി.


Tags:    

Similar News