ആലപ്പുഴയില്‍ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 14 പേർക്ക് പരിക്ക്

പുലർച്ചെ രണ്ടരയോടെയാണ് ആദ്യ അപകടം. തെക്കുനിന്ന് വരികയായിരുന്ന മിനി ബസ് അരൂർ ബൈപാസ് കവലയിലെ മീഡിയനിൽ തട്ടിയാണ് മറിഞ്ഞത്.

Update: 2022-03-08 02:37 GMT

അരൂർ: ആലപ്പുഴയില്‍ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 14 പേർക്ക് പരിക്ക്. കുളച്ചലിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനി ബസ് മറിഞ്ഞ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. മൽസ്യബന്ധന ബോട്ടിലെ ജോലിക്കായി എത്തിയവരായിരുന്നു മിനി ബസ്സിലുണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു.

ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് ആദ്യ അപകടം. തെക്കുനിന്ന് വരികയായിരുന്ന മിനി ബസ് അരൂർ ബൈപാസ് കവലയിലെ മീഡിയനിൽ തട്ടിയാണ് മറിഞ്ഞത്. നാട്ടുകാരും പോലിസും മൽസ്യത്തൊഴിലാളികളും ചേർന്ന് ബസ് ഉയർത്തി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ദേശീയ പാതയിൽ ചന്തിരൂർ പുതിയ പാലത്തിന് തെക്ക് ഭാഗത്ത് ശാന്തിഗിരി ആശ്രമം ഓയിൽ മില്ലിന് മുൻവശത്ത് മൂന്ന് മണിക്കായിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്.

പരുക്കേറ്റ ടൂറിസ്റ്റ് ബസ് ക്ലീനറെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബംഗ്ളൂരുവിൽ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ഗരുഡ ബസിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് ചന്തിരൂരിൽ അപകടം ഉണ്ടായത്. ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.

ബസിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ നിർദേശപ്രകരമാണ് ക്ലീനറെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ടൂറിസ്റ്റ് ബസുകൾ രണ്ടും ബംഗ്ളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എറണാകുളത്തു നിന്ന് കൊല്ലത്തേയ്ക്ക് കമ്പിയുമായി പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.

Similar News