സമൂഹത്തിലെ ഒരു പ്രമുഖന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി നടി ഹണി റോസ്

Update: 2025-01-05 11:12 GMT

കൊച്ചി: സമൂഹത്തിലെ ഒരു പ്രമുഖന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി നടി ഹണി റോസ്. അയാളുടെ ചടങ്ങുകളില്‍ പോവാന്‍ വിസമ്മതിച്ചപ്പോള്‍ തനിക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതായും ഹണി റോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പറയുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഹണി റോസ് കേരളത്തില്‍ നിരവധി സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യുന്നുണ്ട്. 2024 ആഗസ്റ്റില്‍ ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ എത്തിയ ഹണി റോസിനെ കുറിച്ച് ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

''ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്‌റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല...''

Similar News