28 വെടിയുണ്ടകളുമായി ബിജെപി നേതാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഹൈദരാബാദിലെ ഹിന്ദുമതപരിപാടിയില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് ഇയാള്‍ പിടിയിലായത്

Update: 2025-01-07 03:40 GMT

പൂനെ: 28 വെടിയുണ്ടകളും രണ്ടു വെടിയുണ്ട അറകളുമായി ബിജെപി നേതാവ് പൂനെ വിമാനത്താവളത്തില്‍ പിടിയിലായി. പൂനെ വിമാനത്താവളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് കടക്കാന്‍ ശ്രമിച്ച പൂനെയിലെ സരാതി സ്വദേശിയായ ദീപക് സീതാ റാം കാത്തെയാണ് പിടിയിലായിരിക്കുന്നത്. ഇയാളില്‍ നിന്ന് 7.65 എംഎം വെടിയുണ്ടകളാണ് പിടിച്ചെടുത്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംഭവം.

പൂനെയിലെ ഹിന്ദുത്വ പരിപാടികളുടെ സംഘാടകനായ ഇയാള്‍ പലതരം വിധ്വംസക പരിപാടികളിലെ സ്ഥിരസാന്നിധ്യമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഭാരതീയ ജന യുവമോര്‍ച്ചയുടെ നേതാവും കൂടിയായ ഇയാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ചന്ദ്രശേഖര്‍ ഭവാന്‍കുലെയുമൊത്ത് നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഹൈദരാബാദില്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുമ്പോഴാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ഇയാളുടെ ബാഗില്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് വെടിയുണ്ട കണ്ടെത്തിയതെന്ന് വിമാന്തല്‍ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ സന്ദീപ് കാര്‍പെ പറഞ്ഞു. ആയുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ യെദ്‌വാര ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മറ്റൊരു മറാത്തി ഹിന്ദുത്വ സംഘടനയായ സംഭാജി ബ്രിഗേഡ് ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകനാണ് ഇയാളെങ്കിലും ശിവപ്രതിഷ്ഠന്‍ ഹിന്ദുസ്ഥാന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ നേതാവായ സംഭാജി ബിഡെയുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്ന് സംഭാജി ബ്രിഗേഡ് വക്താവ് സന്തോഷ് ഷിന്‍ഡെ പറഞ്ഞു. ഭീമ കൊറെഗാവ് ആക്രമണം അടക്കം നിരവധി ആക്രമണസംഭവങ്ങളില്‍ പ്രതിയാണ് സംഭാജി ബിഡെ.


സംഭാജി ബിഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം


'' വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ പോലിസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും കാണും. ബിജെപി പ്രവര്‍ത്തകനായ ദീപക് സീതാ റാം കാത്തെയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കണം. സംഭാജി ബിഡെയുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ട്. എന്തിനാണ് ഇയാള്‍ക്ക് ഇത്രയുമധികം വെടിയുണ്ടകള്‍. അപകടകരമായ ഗൂഢാലോചനയുടെ സാധ്യത തള്ളിക്കളയാനാവില്ല.''-സന്തോഷ് ഷിന്‍ഡെ പറഞ്ഞു.

എന്നാല്‍, തന്റെ കൈയ്യില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തതില്‍ ഗൂഡാലോചനയുണ്ടെന്നാണ് ദീപക് കാത്തെ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. താന്‍ സ്ഥാപിച്ച ശിവധര്‍മ ഫൗണ്ടേഷന്‍, സംഭാജി ബ്രിഗേഡിന് എതിരാണെന്ന് ദീപക് കാത്തെയുടെ മൊഴി പറയുന്നു. സംഭാജി ബ്രിഗേഡിന്റെ പേരില്‍ നിന്നും സംഭാജി എന്ന വാക്ക് മാറ്റണമെന്നാണ് ശിവധര്‍മ ഫൗണ്ടേഷന്‍ പ്രധാന ആവശ്യം.

Tags:    

Similar News