ഷഹാനയുടെ മരണത്തില്‍ കേസെടുത്ത് പോലിസ്; താഴെ വീണ ഹെഡ്‌സെറ്റ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി വീണെന്ന് സഹപാഠികള്‍
കൊച്ചി: പറവൂര്‍ ചാലായ്ക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ഷഹാന ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്. കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ ഷഹാന അബദ്ധത്തില്‍ താഴേക്ക് വീണെന്നാണ് പ്രാഥമിക നിഗമനമെന്ന് എഫ്‌ഐആര്‍ പറയുന്നു.
അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ഷഹാന, ഏഴാം നിലയിലെ കൈവരിക്കു മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നെന്ന് കോളജ് മാനേജ്‌മെന്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് ഷഹാന താഴേക്ക് പതിച്ചത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ താഴെവീണ ഹെഡ്‌സെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെ ഷഹാന കാല്‍വഴുതി വീണതാണെന്നാണ് കൂട്ടുകാരികള്‍ പറയുന്നത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കോറിഡോറില്‍ വച്ച് ശനിയാഴ്ച രാത്രി 11.5നാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുവിലത്തുപറമ്പ് നൂര്‍ മഹലില്‍ മജീദിന്റെയും സറീനയുടെയും മകളാണ് ഫാത്തിമത് ഷഹാന.