315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; അവശ്യസൗകര്യങ്ങളൊരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

ഇതുവരെ 5,936 കുടുംബങ്ങളില്‍നിന്നായി 22,165 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാടാണ് എറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത് (9,951 പേര്‍).

Update: 2019-08-09 12:37 GMT

58 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടു

തിരുവനന്തപുരം: കനത്ത പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇതുവരെ 5,936 കുടുംബങ്ങളില്‍നിന്നായി 22,165 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാടാണ് എറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത് (9,951 പേര്‍). തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ- 12, കോട്ടയം- 114, ഇടുക്കി- 799, എറണാകുളം- 1,575, തൃശ്ശൂര്‍- 536, പാലക്കാട്- 1,200, മലപ്പുറം- 4,106, കോഴിക്കോട്- 1653, കണ്ണൂര്‍- 1,483, കാസര്‍ഗോഡ്- 18 എന്നിങ്ങനെയാണ് ആളുകളെ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ദുരിതാശ്വാസ ക്യാംപുകളില്‍ അത്യാവശ്യസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഏകോപനം ജില്ലാ കലക്ടര്‍മാര്‍ നിര്‍വഹിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ക്യാംപിലേക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണവും തുടങ്ങിയിട്ടുണ്ട്. പുതിയ വസ്ത്രം, ബെഡ്ഷീറ്റ്, പായ, മരുന്ന്, പാത്രങ്ങള്‍, കുടിവെള്ളം തുടങ്ങിയവ ശേഖരിക്കാന്‍ പ്രത്യേക സെന്ററുകള്‍ ആരംഭിച്ചു. അണക്കെട്ടുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറ്റിയാടി, പെരിങ്ങല്‍ക്കൂത്ത് അണക്കെട്ടുകള്‍ തുറന്നു. ഇടുക്കിയില്‍ ഇപ്പോള്‍ 30 ശതമാനമേ വെള്ളമുള്ളൂ. പമ്പ- 50 ശതമാനം, കക്കി- 25, ഷോളയാര്‍- 40, ഇടമലയാര്‍- 40, ബാണാസുര സാഗര്‍- 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ബാണാസുര സാഗര്‍ അണക്കെട്ട് ഉടന്‍ തുറക്കേണ്ട സ്ഥിതിയുണ്ട്. ഡാമുകള്‍ തുറക്കേണ്ടിവന്നാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ലഭ്യമാക്കും. തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നുണ്ട്. പെരിയാര്‍ നിറഞ്ഞൊഴുകുന്നതുകൊണ്ട് ആലുവ, കാലടി തുടങ്ങിയ ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കം കാരണം വാട്ടര്‍ അതോറിറ്ററിയുടെ 58 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടു. 1.66 ലക്ഷം കണക്ഷനുകളെ ഇത് ബാധിച്ചു. വെള്ളം ഇറങ്ങിയാലേ ഇവ റിപ്പയര്‍ ചെയ്യാന്‍ കഴിയൂ. ഈ സാഹചര്യം കണക്കിലെടുത്ത് ടാങ്കറില്‍ ശുദ്ധജലവിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ഭരണസംവിധാനങ്ങളും 24 മണിക്കൂറും ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നു. പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സംവിധാനങ്ങള്‍ ഇതിനോടൊപ്പം ജാഗ്രതയോടെ രംഗത്തുണ്ട്. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 ടീമുകള്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. തകര്‍ന്ന ഗതാഗതസംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ മൂന്ന് ടീമുകള്‍ ഉടനെത്തും. മൂന്ന് കോളം സൈന്യം ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. മദ്രാസ് റെജിമെന്റ് സെന്ററിന്റെ രണ്ട് ടീം ഉടന്‍ പാലക്കാട്ടെത്തും. അവരെ ദുരന്തബാധിത സ്ഥലത്തേക്ക് നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    

Similar News