മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ ഒരുക്കിയിട്ടുള്ള 2750 പോളിങ് ബൂത്തുകളില്‍ 42 ഇടങ്ങളിലായി 76 എണ്ണത്തെ പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചു. ഏറനാട്, വണ്ടൂര്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത്. നിലമ്പൂരില്‍ 42 ഉം വണ്ടൂരില്‍ 23 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. താനൂരും തവനൂരിലും നാല് വീതം പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഏറനാട് മണ്ഡലത്തില്‍ രണ്ടും മഞ്ചേരി മണ്ഡലത്തില്‍ ഒരു പ്രശ്‌നബാധിത ബൂത്തുമാണുള്ളത്. മാവോവാദികളുടെ സാന്നിധ്യവുംരാഷ്ട്രീയ സംഘര്‍ഷസാധ്യതയുമുള്ള പ്രദേശങ്ങളാണ് പ്രശ്‌നബാധിത ബൂത്തുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്തരം ബൂത്തുകളില്‍ വെബ്കാസ്റ്റിങ്, വീഡിയോഗ്രാഫി, തുടങ്ങിയ സംവിധാനങ്ങളിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. ക്രമസമാധാനപാലനത്തിന് പോലിസിനു പുറമെ കേന്ദ്രസേനയെ വിന്യസിക്കും. ഒരു മേഖലയില്‍ 15ഓളം കേന്ദ്രസേനാംഗങ്ങള്‍ ഉണ്ടായിരിക്കും. എല്ലാ പോളിങ് സ്‌റ്റേഷനുകളിലും മൈക്രോ ഒബ്‌സര്‍വര്‍മാരെ നിരീക്ഷണത്തിനായി നിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ജില്ലയില്‍ 703 തോക്കുകള്‍ പോലിസിനെഏല്‍പ്പിച്ചു. 763 തോക്കുകള്‍ക്കാണ് ജില്ലയില്‍ ലൈസന്‍സുളളത്. ബാങ്കുകളിലെ സുരക്ഷാ ജീവനക്കാരെയും പാലക്കാട് റൈഫിള്‍ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് ഉള്ളവരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ടവരുടെ തോക്കുകളാണ് പോലിസ് സൂക്ഷിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവുന്നത് വരെ കേസുകളില്‍ ഉള്‍പ്പെട്ട ഉടമയ്ക്ക് തോക്ക് തിരികെ നല്‍കില്ലെന്നും അധികൃതര്‍് അറിയിച്ചു