ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ ബസ് യാത്രക്കാരില്‍ നിന്ന് 84.5 ലക്ഷം രൂപ പിടിച്ചു. ഹൈദരബാദില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന എസ്ആര്‍എസ് ട്രാവല്‍സ് ബസിലെ യാത്രക്കാരായ മഹാരാഷ്ട്ര സാഗ്‌ളി സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ( 23), രോഹിത് ഉമേഷ്( 19) എന്നിവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു വന്ന 84,41,450 രൂപയാണ് പിടിച്ചെടുത്തത്.
ഇവര്‍ മംഗലാപുരം ഭാഗത്തെ ജ്വല്ലറി ജീവനക്കാരാണന്നും കണ്ണൂര്‍ കൂട്ടുപുഴ റോഡ് ബ്ലോക്കായതിനാല്‍ മുത്തങ്ങ വഴി വരുകയായിരുന്നുവെന്നും പണം ജ്വല്ലറി ഉടമയായ ഗണേഷ് എന്നയാള്‍ക്ക് കൈമാറുന്നതിനായി കൊണ്ടുവരുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.