ഷിരൂര്‍; കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാര്‍ സിഗ്‌നല്‍ ലഭിച്ചതും നിര്‍ണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍. കണ്ടെത്തിയ രണ്ടു സിഗ്‌നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചില്‍.
ഡ്രോണ്‍ ഉപയോഗിച്ച് ചെളിയില്‍ പുതഞ്ഞ വസ്തുക്കളുടെ സിഗ്‌നല്‍ കണ്ടെത്താനുള്ള സംവിധാനം ഇന്ന് തിരച്ചിലിന് ഉപയോഗിക്കാനാവില്ല. ബാറ്ററി ഡല്‍ഹിയില്‍നിന്ന് എത്തിക്കാനുള്ള കാലതാമസമാണ് തടസമാകുന്നത്. വിമാനത്തില്‍ എത്തിക്കുന്നതിന് തടസമുള്ളതിനാല്‍ രാജധാനി എക്‌സ്പ്രസിലാണ് ബാറ്ററി എത്തിക്കുന്നത്. ഈ ട്രെയിന്‍ നാളെ ഉച്ചയ്‌ക്കേ കാര്‍വാറില്‍ എത്തുവെന്നും എംഎല്‍എ അറിയിച്ചു.
മണ്ണുമാന്തി യന്ത്രം 11 മണിയോടെ തിരച്ചില്‍ സ്ഥലത്തെത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ 3 മണിയോടെ എത്തേണ്ടതായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടായതോടെയാണ് വാഹനം വൈകുന്നതെന്നും എംഎല്‍എ പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ അര്‍ജുനുവേണ്ടിയുള്ള തിരച്ചിലില്‍ വ്യക്തത വരുമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.