ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് ഹരജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും ഹരജിയില്‍ പറയുന്നു. ദൗത്യം സൈന്യത്തെ ഏല്‍പ്പിച്ച് രാവും പകലും ഇല്ലാതെ രക്ഷാപ്രവര്‍ത്തനം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്.
അതേസമയം, ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുമെന്നാണ് അറിയുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടുകൂടി മാത്രമേ കരസേന ഇവിടേക്ക് എത്തൂ. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു സൂചന. ഗംഗാവാലി പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്താന്‍ നേവിയുടെ പ്രത്യേക സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പുതിയ ബോട്ടുകളടക്കം ലോറിയില്‍ എത്തിച്ചു.
മണ്ണിടിച്ചിലുണ്ടായി ആറാംദിവസം രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസങ്ങളേക്കാള്‍ കൂടുതല്‍ ടിപ്പര്‍ ലോറികളും പ്രദേശത്തുണ്ട്. അധികം വാഹനങ്ങള്‍ എത്തിയതോടെ മണ്ണുമാറ്റുന്ന പ്രവൃത്തികള്‍ വേഗത്തിലായി. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.