ഏക സിവില്‍ കോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യം: സീതാറാം യെച്ചൂരി
ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണ്.
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ് ആവശ്യമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപി സര്‍ക്കാര്‍ ഇതുമായി മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഏക സിവില്‍കോഡിനെ എതിര്‍ക്കുക തന്നെയാണ് സിപിഐ എം നയം. ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റ് ചില അജണ്ടകളുണ്ട്. ഇത് കൃത്യമായ രാഷ്ട്രീയ പദ്ധതിയാണ്. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ് ഈ ഒത്തുചേരല്‍. ഏക സിവില്‍കോഡിനെതിരായ സിപിഐ എം ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക സിവില്‍കോഡ്. സാമുദായിക ഭിന്നതയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള മുനകൂട്ടലാണിത്. അതാത് വിഭാഗങ്ങള്‍ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. ലോകം വൈവിധ്യം നിലനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏകീകരണത്തിന് ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സമത്വം എന്നാല്‍ ഏകീകരിക്കല്‍ അല്ല എന്നും യെച്ചൂരി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കാല്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ കമ്മിഷന്‍ റിപ്പോര്‍ട്ട് യുസിസി ഇപ്പോള്‍ നടപ്പാക്കുന്നതിന് എതിരാണെന്നും യെച്ചൂരി വ്യക്തമാക്കി.
രാജ്യത്തെ ഓരോ വിഭാഗത്തിനും ഓരോ മൂല്യമുണ്ട്. സിപിഐ എം സമത്വത്തെ പിന്തുണയ്ക്കുന്നു, എന്നാലത് ജനാധിപത്യപരമാകണം. വിവിധ വിഭാഗങ്ങള്‍ക്ക് വിവിധങ്ങളായ ആചാരങ്ങളുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് പക്വത. ഭരണഘടന ആവശ്യപ്പെടുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കാനാണ്. രാജ്യത്ത് വംശഹത്യ നിത്യസംഭവമാകുന്നു. മണിപ്പൂരില്‍ എന്താണ് നടക്കുന്നത്? മത ധ്രുവീകരണം ലക്ഷ്യമിട്ട് നിയമങ്ങള്‍ നടപ്പാക്കുകയാണ്. യുസിസിയും ധ്രവീകരണം ലക്ഷ്യമിട്ടാണ് ബിജെപി ചര്‍ച്ചയാക്കുന്നത്. മുസ്ലിം വിഭാഗങ്ങളെ കടന്നാക്രമിക്കുകയാണ്. വംശഹത്യ പെരുകി വരുന്നതായും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതായും യെച്ചൂരി പറഞ്ഞു.