സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; പരമേശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
അടുത്ത മണ്ഡലകാലം മുതല്‍ ഒരുവര്‍ഷത്തെ ചുമതലയാണ് സുധീര്‍ നമ്പൂതിരിക്ക്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വര്‍മയാണ് നറുക്കെടുത്തത്.
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി മലപ്പുറം തിരുന്നാവായ സ്വദേശി എ കെ സുധീര്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ഉഷപൂജയ്ക്കുശേഷം നടന്ന നറുക്കെടുപ്പിലാണ് അരീക്കര മനയിലെ സുധീര്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. അടുത്ത മണ്ഡലകാലം മുതല്‍ ഒരുവര്‍ഷത്തെ ചുമതലയാണ് സുധീര്‍ നമ്പൂതിരിക്ക്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വര്‍മയാണ് നറുക്കെടുത്തത്. ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒമ്പതുപേരുടെ പട്ടികയില്‍നിന്ന് മേല്‍ശാന്തി എന്ന് പേരെഴുതിയ എട്ടാമത്തെ നറുക്കാണ് സുധീര്‍ നമ്പൂതിരിയുടെ പേരില്‍ വീണത്.
പരമ്പരാഗതരീതിയിലായിരുന്നു തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്ത പരമേശ്വരന്‍ നമ്പൂതിരി എറണാകുളം ആലുവ സ്വദേശിയാണ്. ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 9 പേര്‍ വീതമുള്ള മേല്‍ശാന്തിമാരുടെ പട്ടികയാണ് രണ്ടിടത്തേക്കുമായി തയ്യാറാക്കിയത്. പന്തളം കൊട്ടാരത്തിലെ കാഞ്ചനവര്‍മയാണ് മാളികപ്പുറത്തെ മേല്‍ശാന്തിയെ നറുക്കെടുത്തത്ക. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, മെംബര്‍മാരായ കെ പി ശങ്കരദാസ്, അഡ്വ. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം ഹര്‍ഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.