ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

Update: 2023-03-15 04:46 GMT

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിനു സമീപം ശങ്കര്‍നഗറില്‍ പ്രേംകുമാര്‍-ലത ദമ്പതിമാരുടെ മകന്‍ ഇന്ദ്രജിത്താ(ജിത്തു- 23)ണ് മരിച്ചത്. ഇന്ദ്രജിത്ത് കിണറില്‍ വീണതറിഞ്ഞ് രക്ഷിയ്ക്കാനിറങ്ങിയ കാരയ്ക്കാമണ്ഡപം മേലാങ്കോട് സ്വദേശി കുക്കു എന്നു വിളിക്കുന്ന അഖിലിനെ (30) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാന്തിവിള ആശുപത്രിയിലാണ് അഖില്‍ ചികിത്സയിലുള്ളത്.

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഗാനമേള കേള്‍ക്കാനെത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും ജനങ്ങള്‍ ഇടംപിടിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ആളോടിയില്ലാത്ത ഒരു കിണറുണ്ടായിരുന്നു. ഈ കിണറിനു മുകളില്‍ പലകയിട്ടാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള കേട്ടുകൊണ്ടു നിന്നത്.

ഗാനമേളയ്ക്കിടെ ഇന്ദ്രജിത്തുള്‍പ്പെടെ പലരും കിണറിനു മുകളിലിട്ടിരുന്ന പലകയ്ക്കു പുറത്തു കയറിനിന്നും നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ പലകതകര്‍ന്നു. മുകളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന പലരും പലക തകരുന്നതറിഞ്ഞ് ചാടി മാറിയെങ്കിലും ഇന്ദ്രജിത്തിന് അതിനു കഴിഞ്ഞില്ല. പലക തകര്‍ന്ന് ഇന്ദ്രജിത്ത് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.

ജനങ്ങള്‍ കൂടിയെങ്കിലും ആരും കിണറ്റിലിറങ്ങി ഇന്ദ്രജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. തുടര്‍ന്നാണ് സുഹൃത്ത് അഖില്‍ കിണറ്റിലേക്ക് ഇറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആഴം കിണറിനുണ്ടായിരുന്നതിനാല്‍ കിണറ്റിനുള്ളില്‍ വച്ച് അഖിലിന് ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. ഇതോടെ തിരിച്ചു കയറാനാകാതെ അഖില്‍ കിണറ്റിനുള്ളില്‍ കുടങ്ങി. തുടര്‍ന്ന് ചെങ്കല്‍ച്ചൂള അഗ്‌നിരക്ഷാസേന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടുപേരേയും കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കിണറിനുള്ളില്‍ നിന്ന് മുകളിലെത്തിച്ചു.

എന്നാല്‍ ഇന്ദ്രജിത്തിനെ മുകളിലെത്തിച്ചപ്പോള്‍ത്തന്നെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അഖിലിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകള്‍ അഖിലിനുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.




Tags:    

Similar News