സയനൈഡ് കിട്ടാന്‍ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം
സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്.
തിരുവനന്തപുരം: വിഷ പദാര്‍ത്ഥങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. കൂടത്തായി കൊലപാതക പരമ്പര അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചത്. കേരള പോയിസണ്‍ റൂള്‍സ് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അംഗീകൃത വില്‍പ്പനയ്ക്ക് നിലവില്‍ രേഖകള്‍ ആവശ്യമില്ല. സംസ്ഥാനത്ത് പ്രതിമാസം 30 കിലോ സയനൈഡ് അനധികൃതമായി വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള്‍ക്കെതിരെയുള്ള ആസിഡ് ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആസിഡുകളുടെ വില്‍പനയും ശേഖരണവും ആധാര്‍ മുഖേനയാവണം എന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ യഥാര്‍ഥ ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സയന്‍സ് ലാബുകള്‍ക്ക് വേണ്ടിയാണ് കൂടുതലായി ആസിഡുകള്‍ ശേഖരിക്കുന്നത്. ഇതിന് ഇനി അധ്യാപകരുടെ ആധാര്‍ നല്‍കണം. കര്‍ഷകര്‍ ഉപയോഗിക്കുന്ന ഫോമിക് ആസിഡ് മാരക സ്വഭാവമുള്ളതാണെങ്കിലും കാര്‍ഷിക ആവശ്യമായതിനാല്‍ ഇതിനെ ഒഴിവാക്കിയിട്ടുണ്ട്.