അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ബെംഗളൂരിലേക്ക് മടങ്ങും

ജൂണ്‍ 26-നാണ് മഅദനി കേരളത്തിലെത്തിയത്.

Update: 2023-07-07 05:00 GMT


കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മഅ്ദനി വെള്ളിയാഴ്ച 5.30-ന് ആശുപത്രിവിടുമെന്നും രാത്രി 9.20-നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലേക്ക് തിരിച്ചുപോകുമെന്നും പി.ഡി.പി. കേന്ദ്രകമ്മിറ്റിയംഗം ടി.എ. മുജീബ് റഹ്‌മാന്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് രോഗബാധിതനായി ആശുപത്രിയില്‍ക്കഴിയുന്ന മഅ്ദനിക്ക്, കൊല്ലത്ത് അന്‍വാര്‍ശ്ശേരിയിലുള്ള ചികിത്സയില്‍ക്കഴിയുന്ന പിതാവിനെ കാണാന്‍ കഴിഞ്ഞില്ല. ജൂണ്‍ 26-നാണ് മഅദനി കേരളത്തിലെത്തിയത്. ജൂലായ് എട്ടുവരെമാത്രം കേരളത്തില്‍ തുടരാന്‍ കോടതിയുടെ അനുമതിയുള്ളതിനാലാണ് വെള്ളിയാഴ്ച ആശുപത്രിവിടുന്നതെന്ന് പി.ഡി.പി. ഭാരവാഹികള്‍ അറിയിച്ചു.

അതിനിടെ മഅ്ദനിയെ മന്ത്രി അഹമദ് ദേവര്‍ കോവില്‍ സന്ദര്‍ശിച്ചു. മഅ്ദനിക്ക് സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്ന് പി.ഡി.പി ആരോപിച്ചിരുന്നു. അതിനിടയിലാണ് സന്ദര്‍ശനം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മഅ്ദനിയെ കെടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചിരുന്നു. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏര്‍പ്പാട് അത്യന്തം ഖേദകരമാണെന്നും വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം മഅദനിയുടെ മനസ്സിനെ തളര്‍ത്തിയിട്ടേയില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അല്‍പം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളില്‍ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നതെന്നും ജലീല്‍ കുറിച്ചു. രോഗിയായ പിതാവിനെ കാണാന്‍ കേരളത്തിലെത്തിയ മഅ്ദനിക്ക് മോശം ആരോഗ്യം കാരണം നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല.











Tags:    

Similar News