ഓട്ടോറിക്ഷ മറിഞ്ഞു നഴ്‌സ് മരിച്ചു

Update: 2019-06-02 15:07 GMT

ഇരിട്ടി: കീഴൂരില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു ഓട്ടോ യാത്രികയായ നഴ്‌സ് മരിച്ചു. ഡ്രൈവറടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു . തലശ്ശേരി മേലൂര്‍ സ്വദേശി വിവി ദിനേശന്റെ ഭാര്യയും ഇന്ദിരാഗാന്ധിസഹകരണ ആശുപത്രിയിലെ നഴ്‌സുമായ അമ്പിളി (26) ആണ് മരിച്ചത്. ഇവരുടെ മകള്‍ ദര്‍ശന, മുഴക്കുന്ന് സ്വദേശിനി അശ്വതി (30) ശിവദ, റിഷിത , ഓട്ടോ െ്രെഡവര്‍ പിണറായി സ്വദേശി മോഹനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു അപകടം. ഇരിട്ടി ഹൈസ്‌കൂള്‍ കീഴൂര്‍ റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. നാലോളം തവണ മറിഞ്ഞുവീണ ഓട്ടോ മതിലില്‍ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ സമീപവാസികളാണ് പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും കണ്ണൂരിലേക്കു കൊണ്ടുപോകും വഴിയാണ് സാരമായി പരിക്കേറ്റ അമ്പിളി മരിച്ചത്. അമ്പിളിയുടെ മറ്റൊരു മകള്‍ ശ്രീകല. 

Tags:    

Similar News