താലൂക്ക് ഓഫിസില്‍വച്ച് അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം; വ്യവസായിയുടെ തോക്ക് ലൈസന്‍സ് കലക്ടര്‍ റദ്ദാക്കി

പൊതുസ്ഥലത്ത് പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ തോക്ക് കൈകാര്യം ചെയ്ത ഹോട്ടല്‍ ഉടമ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ ലൈസന്‍സാണ് റദ്ദുചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

Update: 2020-11-13 06:18 GMT

കോട്ടയം: താലൂക്ക് ഓഫിസില്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്കായി കൊണ്ടുവന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ വ്യവസായിയുടെ തോക്ക് ലൈസന്‍സ് ജില്ലാ കലക്ടര്‍ റദ്ദാക്കി. പൊതുസ്ഥലത്ത് പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാവുന്ന രീതിയില്‍ തോക്ക് കൈകാര്യം ചെയ്ത ഹോട്ടല്‍ ഉടമ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ ലൈസന്‍സാണ് റദ്ദുചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഈമാസം 10ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു കാരാപ്പുഴയിലെ താലൂക്ക് ഓഫിസിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അരങ്ങേറിയത്.

വ്യവസായിക്ക് തോക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതിന്റെ ഭാഗമായി ഈമാസം 19ന് മുമ്പായി കോട്ടയം സഹസില്‍ദാര്‍, ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മുമ്പാകെ പരിശോധനയ്ക്കായി ആയുധം ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇദ്ദേഹം തോക്കുമായി താലൂക്ക് ഓഫിസിലെത്തിയത്. ഈ തോക്ക് താലൂക്ക് ഓഫിസിനുള്ളില്‍വച്ച് പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെടിപൊട്ടുകയായിരുന്നു. തോക്കിനുള്ളിലുണ്ടായിരുന്ന തിര, താലൂക്ക് ഓഫിസിന്റെ ഭിത്തി തുളച്ച് പാഞ്ഞുപോയി.

വന്‍ശബ്ദം കേട്ട് താലൂക്ക് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെല്ലാവരും ഞെട്ടി. 0.25 ബോര്‍ പിസ്റ്റള്‍ 64422 നമ്പര്‍ തോക്കാണ് വ്യവസായി ഉപയോഗിച്ചിരുന്നത്. വിവരമറിഞ്ഞ് പോലിസ് സംഘവും സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. ലോഡ് ചെയ്ത തോക്കുമായി പരിശോധനയ്ക്ക് ഓഫിസില്‍ ഹാജരാവാന്‍ പാടില്ലെന്ന് അറിയാവുന്നയാള്‍ ജീവനക്കാരും പൊതുജനങ്ങളുമുള്ള ഓഫിസില്‍വച്ച് വെടിയുതിര്‍ത്തത് ആയുധനിയമപ്രകാരം നിയമവിരുദ്ധമാണെന്നും ലൈസന്‍സ് റദ്ദാക്കണമെന്നും കോട്ടയം തഹസില്‍ദാര്‍ റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

വ്യവസായിയുടെ അശ്രദ്ധ ചൂണ്ടിക്കാട്ടി ജില്ലാ പോലിസ് മേധാവിയും സമാനറിപോര്‍ട്ട് നല്‍കിയിരുന്നു. തോക്കുപയോഗിച്ചപ്പോള്‍ മനപ്പൂര്‍വമല്ലാത്ത അലംഭാവമുണ്ടായതായും ഭാവിയില്‍ ഇക്കാര്യം ശ്രദ്ധിക്കാമെന്നും ലൈസന്‍സ് റദ്ദാക്കരുതെന്നും ഉടമ വിശദീകരണം നല്‍കി. ലൈസന്‍സിയുടെയും കോട്ടയം തഹസില്‍ദാര്‍, വെസ്റ്റ് എസ്‌ഐ, താലൂക്ക് ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് സിഐ അനീഷ് എന്നിവരുടെ വാദങ്ങളും റിപോര്‍ട്ടുകളും കണക്കിലെടുത്താണ് ആയുധചട്ടവും നിയമവും പ്രകാരം കലക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ആയുധങ്ങള്‍ ഉടന്‍ പിടിച്ചെടുത്ത് വിവരം റിപോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News