എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലിസ് മർദിച്ചെന്ന് പരാതി
സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ പോലിസിനെ അറിയിച്ചു. ഇതേ തുടർന്ന് പോലിസ് സംരക്ഷണത്തിലാണ് ചികിൽസ.
ചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പ് തടയാൻ ശ്രമിച്ച ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലിസ് മർദിച്ചെന്ന് പരാതി. സൈനികനായ കൊട്ടാരക്കര പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജ വിലാസത്തിൽ ജോബിനെ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ റിമാൻഡിലാണ്. പോലിസ് സുരക്ഷയിലാണ് ചികിൽസയിൽ കഴിയുന്നത്.
കടുത്ത ശരീരവേദനയും നടുവ് വേദനയും മൂലം ജോബിനെ കോടതിയിൽ ഹാജരാക്കിയില്ല. രണ്ടും മൂന്നും പ്രതികളായ വെളക്കുടി കുന്നിക്കോട് ശാസ്ത്രികവല സി എം വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം വിപിൻ ഹൗസിൽ വിപിൻ രാജ് (26)എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജോബിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി എടുത്തപ്പോഴാണ് പോലിസ് മർദിച്ചെന്ന പരാതി പറഞ്ഞത്. രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ പോലിസിനെ അറിയിച്ചു. ഇതേ തുടർന്ന് പോലിസ് സംരക്ഷണത്തിലാണ് ചികിൽസ. പോലിസ് മർദിച്ചെന്ന് കാട്ടി ജോബിന്റെ സഹോദരൻ കരസേനക്കും മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്കും പരാതി നൽകി. ദുബയിൽ ജോലിയിലുള്ള റോബിൻ പരാതി മെയിൽ ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ ബന്ധുക്കൾ പറഞ്ഞ വിവരമാണ് പരാതിയിൽ പറയുന്നത്.
പോലിസുമായി പ്രശ്നമുണ്ടായ സമയം ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പഴയതായതിനാൽ അതിവേഗത്തിൽ ഓടിക്കാൻ പറ്റില്ലെന്നും പോലിസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നും ജോബിന്റെ ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ ജോബിന്റെ കൈ എസ്ഐയുടെ ദേഹത്ത് കൊണ്ടതാണത്രേ. സ്റ്റേഷനിലെത്തിച്ച് മഫ്തിയിൽ ഉൾപ്പെടെയുള്ള പോലിസ് മർദിച്ചെന്നും ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പ് എടുക്കുകയും പിന്നീട് ജാമ്യമില്ലാ വകുപ്പ് ആക്കുകയും ചെയ്തെന്നും മെഡിക്കൽ കോളജിലും പോലിസ് ഭീഷണിപ്പെടുത്തിയെന്നും ജോബിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.