അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന:ദിലീപും കൂട്ടു പ്രതികളും കോടതിയില്‍ ഹാജരായി
ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരിക്കുന്നതെന്നാണ് വിവരം.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയില്‍ എത്തി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി.ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുടെ ഭാഗമായിട്ടാണ് ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായിരിക്കുന്നതെന്നാണ് വിവരം.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയില്‍ എത്തി.
കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഒരോരുത്തരും ഒരു ലക്ഷം രൂപ വീതുമുള്ള ബോണ്ടുകളും രണ്ട് ആള്‍ ജാമ്യവും സമര്‍പ്പിക്കണം,സാക്ഷികളെ സ്വാധീനിക്കരുത്,അന്വേഷണവുമായി സഹകരിക്കണം,പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം,മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിങ്ങനെയാണ് വ്യവസ്ഥകള്‍.നേരത്തെ ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ദിലീപും സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും ഇന്നലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദപരിശോധനയ്ക്ക് വിധേയരായിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,സുഹൃത്ത് ബൈജു,തിരിച്ചറിയാത്ത ഒരു വി ഐ പി എന്നിങ്ങനെയായിരുന്നു മറ്റു പ്രതികള്‍.തുടര്‍ന്ന് കേസില്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നത് തടയുന്നതിനായി ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി.തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപും കൂട്ടു പ്രതികളും ക്രൈംബ്രാഞ്ചിനു മുമ്പാകെ മൂന്നു ദിവസം 33 മണിക്കൂര്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.ഇതിനു ശേഷം ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ക്കു ശേഷം കോടതി കര്‍ശന ഉപാധികളോടെ ദിലീപിനും അഞ്ചു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയുമായിരുന്നു.