നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണില്‍ നിന്നും 12 പേരുമായുള്ള ചാറ്റ് സന്ദേശം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്
തിരിച്ചെടുക്കാനാവാത്ത വിധം ഈ ചാറ്റ് സന്ദേശം നശിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.ദുബായിലടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളാണിതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും 12 പേരുമായുള്ള ചാറ്റ് സന്ദേശങ്ങള്‍ നീക്കം ചെയ്തതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.ദിലീപിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍ എന്നാണ് വിവരം.തിരിച്ചെടുക്കാനാവാത്ത വിധം ഈ ചാറ്റ് സന്ദേശം നശിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.ദുബായിലടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളാണിതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.വ്യവസായികളും ഉന്നത വ്യക്തികളും ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചാറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് അന്വേഷണ സംഘംത്തിന്റെ കണ്ടെത്തല്‍.
ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനെ കേസില്‍ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്.നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ആ ഘട്ടത്തില്‍ ഇയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു അന്വേഷണം സംഘം കോടതിയെ അറിയിച്ചിരുന്നത്.തുടര്‍ന്ന് കോടതി ജാമ്യഹരജി തീര്‍പ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇയാളെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. തുടര്‍ന്് കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എ സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതു പ്രകാരം ഇവ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് വിവരം.