നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യമാധവനെ 18 നു ശേഷം ചോദ്യം ചെയ്‌തേക്കും

എവിടെവെച്ചാകും ചോദ്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.അടുത്ത ദിവസം ഇത് സംബന്ധിച്ച് തീരുമാനമെടുത്തതിനുശേഷം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം കാവ്യയ്ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം

Update: 2022-04-14 11:03 GMT

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് ഏപ്രില്‍ 18 നുശേഷമാക്കിയതായി സൂചന.എവിടെവെച്ചാകും ചോദ്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.അടുത്ത ദിവസം ഇത് സംബന്ധിച്ച് തീരുമാനമെടുത്തതിനുശേഷം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് അന്വേഷണ സംഘം കാവ്യയ്ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം.

നേരത്തെ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കാവ്യയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരന്നുവെങ്കിലും അന്ന് ഹാജരാകുന്നതിന് കാവ്യ അസൗകര്യം അറിയിച്ചിരുന്നു.തുടര്‍ന്ന് ഇന്നല ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഹാജരാകുന്ന സ്ഥലവുമായി ബന്ധപ്പെട്ട് കാവ്യമാധാവന്‍ അന്വേഷണ സംഘത്തെ അസൗകര്യം അറിയിച്ചതോടെ ഇന്നലെയും ചോദ്യം ചെയ്യല്‍ നടന്നില്ല.ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യ മാധ്യവന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്.എന്നാല്‍ ശബ്ദരേഖകള്‍ അടക്കം കേള്‍പ്പിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെച്ച് ഇത് സാധ്യമാകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകളില്‍ കാവ്യയെക്കുറിച്ച് പരാമര്‍ശം ഉണ്ട്.ഇതേ തുടര്‍ന്നാണ് കാവ്യാമാധവനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 15 നുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്.കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും തിങ്കാളാഴ്ച കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

Tags:    

Similar News