നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി

നിലവില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു ശബ്ദ സന്ദേശങ്ങള്‍ കൂടി കണ്ടത്തിയിട്ടുണ്ടെന്നും കൂടുതല്‍ പരിശോധന നടത്തുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് കോടതി കൂടുതല്‍ സമയം അനുവദിച്ചത്

Update: 2022-04-19 14:20 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനു ഹൈക്കോടതി ഒന്നരമാസത്തെ സമയം കൂടി അനുവദിച്ചു. നിലവില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു ശബ്ദ സന്ദേശങ്ങള്‍ കൂടി കണ്ടത്തിയിട്ടുണ്ടെന്നും കൂടുതല്‍ പരിശോധന നടത്തുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്ന പ്രോസിക്യുഷന്‍ വാദം അംഗീകരിച്ചാണ് കോടതി കൂടുതല്‍ സമയം അനുവദിച്ചത്. മെയ് മുപ്പതിന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ചും വീഡിയോ ദൃശ്യങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒരു കേസിന്റെ തെളിവിനു സുപ്രധാന കാര്യങ്ങളാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത്തരത്തിലുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു കൂടുതല്‍ സമയം അനിവാര്യമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. മൂന്നു മാസത്തെ സമയമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒന്നരമാസത്തെ സമയമാണ് കോടതി അനുവദിച്ചത്.നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏപ്രില്‍ 14 വരെയായിരുന്നു കോടതി സമയം അനുവദിച്ചിരുന്നത്.

എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.എ്ന്നാല്‍ കേസിലെ തുടരന്വേഷണം അനാവശ്യമായാണ് നടത്തുന്നെന്ന് ദിലീപ് വാദിച്ചു.ഇത്തരത്തിലുള്ള അന്വേഷണം ശരിയായ വിചാരണ നടപടികളെ ബാധിക്കുന്നതാണെന്നും തടയണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍  പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News