ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോയെന്ന് അന്വേഷണം; വൈദികന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം
ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് വൈദികന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.ഈ വൈദികനുമായി സംവിധായകന്‍ ബാലചന്ദ്രകുമാറിനും ദിലീപിനും സൗഹൃദമുണ്ടായിരുന്നുവെന്നാണ് പറയുന്നത്.വൈദികന്‍ വഴി ബാലചന്ദ്രുമാര്‍ തന്നോട് പണം ആവശ്യപ്പെട്ടുവെന്ന് നേരത്തെ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിഷയത്തില്‍ തിരുവനന്തപുരം രൂപതയിലെ വൈദികന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് വൈദികന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
ഈ വൈദികനുമായി സംവിധായകന്‍ ബാലചന്ദ്രകുമാറിനും ദിലീപിനും സൗഹൃദമുണ്ടായിരുന്നുവെന്നാണ് പറയുന്നത്.വൈദികന്‍ വഴി ബാലചന്ദ്രകുമാര്‍ തന്നോട് പണം ആവശ്യപ്പെട്ടുവെന്ന് നേരത്തെ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു.ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് വൈദികന്റെ മൊഴി രേഖപ്പെടുത്തിയതെന്നാണ് അറിയുന്നത്.ദിലീപുമായി യതൊരുവിധ സാമ്പത്തിക ഇടപാടുകളും തനിക്കില്ലായിരുന്നുവെന്ന് വൈദികന്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിവരികയാണ്.കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലും അന്വേഷണം നടന്നു വരികയാണ്.