കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കാവ്യാ മാധവന്‍ നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.മൊഴി വിശദമായി പരിശോധിച്ച ശേഷം ഇതില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം

Update: 2022-05-10 05:00 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന.ഇന്നലെ നാലര മണിക്കൂറോളം ക്രൈംബ്രാഞ്ച് കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു.ദിലീപിന്റെ ആലുവയിലെ പ്ത്മസരോവരം വീട്ടിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍,ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

നടി ആക്രമിക്കപ്പെട്ട സംഭവം,നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തല്‍, എന്നിവ മുന്‍നിര്‍ത്തിയായിരുന്നു പ്രധാനമായും ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.രണ്ടു സംഭവങ്ങളിലും കാവ്യാ മാധവന് അറിവുണ്ടായിരുന്നോ എന്നതില്‍ വ്യക്തത തേടാനായിരുന്നു ചോദ്യം ചെയ്യല്‍.ചോദ്യം ചെയ്യലില്‍ ഇതെല്ലാം കാവ്യാ മാധവന്‍ നിഷേധിച്ചതായാണ് വിവരം. കാവ്യാ മാധവന്‍ നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.മൊഴി വിശദമായി പരിശോധിച്ച ശേഷം ഇതില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളും അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ശബ്ദരേഖയില്‍ കാവ്യയെക്കുറിച്ചും പരമാര്‍ശമുണ്ട്.ഇതേ തുടര്‍ന്ന് കാവ്യമാധാവനെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘത്തിനുവേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News