നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് ആലുവ പോലിസ് ക്ലബ്ബില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാവും നടപടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നിവയെല്ലാമാണ് ദിലീപില്‍ നിന്ന് ചോദിച്ചറിയുക.
ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്തുവന്നിരുന്നു. ഒരിക്കലും പുറത്തുപോവാന്‍ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകന്‍ പറഞ്ഞെന്നാണ് ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി. കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖ അയച്ചതാര് എന്നതിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ രണ്ട് ഫോണ്‍ താന്‍ കോപ്പി ചെയ്ത് നല്‍കിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇതില്‍ ഒരു ഫോണിലായിരുന്നു കോടതി രേഖകള്‍. മറ്റൊരു വാട്‌സ് ആപ്പ് നമ്പറില്‍ നിന്നാണ് ഈ രേഖകള്‍ അയച്ചിട്ടുള്ളത്. ഇതൊരിക്കലും പുറത്തുവരാന്‍ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകന്‍ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തില്‍ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്തുവച്ചെന്നും ഹാക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്.