നടിയെ ആക്രമിച്ച കേസ്: പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു

പുതിയ സാക്ഷികളെയും പഴയ സാക്ഷികളിൽ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

Update: 2021-12-28 09:41 GMT

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ കോടതി നടപടികൾക്കെതിരേ പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണ കോടതി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

പുതിയ സാക്ഷികളെയും പഴയ സാക്ഷികളിൽ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും പ്രതികളുടെ ഫോൺ വിളികളുടെ അസ്സൽ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

വിചാരണ കോടതിക്കെതിരേ നേരത്തെയും പ്രോസിക്യൂഷന് പരാതി ഉണ്ടായിരുന്നു. ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചങ്കിലും ഹരജി കോടതി തള്ളി. കോടതിക്കെതിരെ പരാതി ഉണ്ടങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് അന്ന് കോടതി ചോദിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ പുതിയ ചില വെളിപ്പെടുത്തൽ കൂടി വന്ന സാഹചര്യത്തിൽ കൂടിയാണ് പ്രോസിക്യൂഷന്റെ നടപടി.

കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

Similar News