ഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം

ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോലിസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Update: 2022-08-19 18:16 GMT

തൊടുപുഴ: ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയില്‍ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനിയിലെ തരുണ്‍ (21) ആണ് മരിച്ചത്.

ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും ഇരിപ്പുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്.

ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോലിസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തന്‍പാറ പോലിസ് അറിയിച്ചു

Similar News