പത്തേക്കറില്‍ പച്ചക്കറി കൃഷിയുമായി ശാന്തപുരം അല്‍ ജാമിഅ

പ്ലാന്റ് നഴ്‌സറി പദ്ധതിയിലൂടെ ഉല്‍പാദിപ്പിച്ച 2000 തൈകള്‍ പ്രയോജനപ്പെടുത്തി പച്ചതുരുത്ത് നിര്‍മ്മാണം, ഔഷധസസ്യങ്ങളുടെ ഉദ്യാനം തുടങ്ങിയവയിലൂടെ ഗ്രീന്‍ കാംപസ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാംപസില്‍ നടന്നു വരുന്നുണ്ട്.

Update: 2020-06-18 14:40 GMT

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ കീഴില്‍ ആരംഭിക്കുന്ന വിപുലമായ കൃഷി പദ്ധതികളുടെ ഉദ്ഘാടനം അല്‍ ജാമിഅ റെക്ടര്‍ ഡേ: അബ്ദുസ്സലാം അഹ്മദ് നിര്‍വ്വഹിച്ചു. വിവിധ തരം കൃഷികളിലൂടെ വിഷ രഹിതമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും അതുവഴി സ്വായംപര്യപ്തത കൈവരിക്കാനുമുള്ള ഈ പദ്ധതി മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ പുതിയ കാലത്തെ അഭിമുഖീകരിക്കാനുള്ള വിദ്യാഭ്യാസം കൂടിയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നെല്‍കൃഷിയും, വിവിധ തരം പച്ചക്കറികളും ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് ആവശ്യമായ സാമ്പത്തിക സഹായം അല്‍ജാമിഅ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ 1990-96 വര്‍ഷത്തെ ബാച്ചാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനു പുറമെ സര്‍ക്കാര്‍ സബ്‌സിഡികളും ലഭ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പ്രൊജക്ട് ഡയറക്ടര്‍ എ.ടി ഷറഫുദ്ദീന്‍ വിശദീകരിച്ചു.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍, മത്സ്യ കൃഷി, കോഴിഫാം, പശു വളര്‍ത്തല്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് അഗ്രി അല്‍ജാമിഅ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലാന്റ് നഴ്‌സറി പദ്ധതിയിലൂടെ ഉല്‍പാദിപ്പിച്ച 2000 തൈകള്‍ പ്രയോജനപ്പെടുത്തി പച്ചതുരുത്ത് നിര്‍മ്മാണം, ഔഷധസസ്യങ്ങളുടെ ഉദ്യാനം തുടങ്ങിയവയിലൂടെ ഗ്രീന്‍ കാംപസ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാംപസില്‍ നടന്നു വരുന്നുണ്ട്. കൂടാതെ 2000 ടൈല്‍ പോട്ടുകള്‍ നിര്‍മ്മിച്ച് പാഴ് സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി പ്രകൃതിക്കിണങ്ങിയ കൃഷി രീതികള്‍ പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും.

ജലസേചന സൗകര്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ വേസ്റ്റ് വാട്ടര്‍ ട്രീറ്റ് മെന്റ് പ്ലാന്റ് ഒമാനിലെ ആഷ്പി ഡെവലപ്‌മെന്റ് ഇന്‍ഡ്യ ബിസിനസ്സ് ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അഹ്മദ് ഫസല്‍, പദ്ധതി കോര്‍ഡിനേറ്റര്‍മാരായ മുഖ്താര്‍, സനോജ്, റഷീദ്, മൊയ്തീന്‍, എസ്‌ഐഒ കാംപസ് എരിയാ പ്രസിഡന്റ് അര്‍ഫദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

Tags:    

Similar News