തൃശൂര്‍: തൈക്കാട്ടുശ്ശേരി കുറവപാടത്ത് ഇക്കുറി പൊന്നു വിളഞ്ഞു. 20 വര്‍ഷങ്ങള്‍ക്കു മുകളില്‍ തരിശുകിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയതിന് പിന്നില്‍ തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കര്‍ഷക സമിതിയുടെയും സര്‍ക്കാരിന്റെയും അദ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയുണ്ട്.
മികച്ച വിളവിന്റെ സംതൃപ്തിക്കൊപ്പം തൈക്കാട്ടുശ്ശേരി മട്ട എന്നപേരില്‍ ജൈവഅരി വിപണിയിലെത്തിച്ചതിന്റെ അഭിമാനത്തിലാണ് തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കര്‍ഷക സമിതി.
അരിയുടെ പുതിയ ബ്രാന്‍ഡിന്റെ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
തൈക്കാട്ട്‌ശ്ശേരി ചാത്തംകുളങ്ങര ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് കെ രാജന്‍ അധ്യക്ഷനായി.
33 മേനി വിളവാണ് 20 ഏക്കറോളം വരുന്ന പാടത്ത്‌നിന്നും ഇത്തവണ ലഭിച്ചത്. 25 കര്‍ഷകരുടെ കൂട്ടായ്മയാണ് തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കര്‍ഷക സമിതി.
4 വര്‍ഷം മുന്‍പാണ് വീണ്ടും കൃഷി ചെയ്യാനുള്ള ശ്രമം കൃഷിവകുപ്പിന്റെയും സമിതിയുടെയും നേതൃത്വത്തില്‍ ഇവിടെ ആരംഭിച്ചത്.
സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയും ഈ നേട്ടത്തിന് പിന്നിലുണ്ട്.
തവിട് കളഞ്ഞതും തവിടോട് കൂടിയതുമായി രണ്ട് തരം അരിയാണ് തൈക്കാട്ട്‌ശേരി ബ്രാന്റിന് കീഴില്‍ ഇറക്കുന്നത്.
127 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഉമ, 96 ദിവസംകൊണ്ട് വിളവെടുക്കാവുന്ന മനുരത്‌ന എന്നീ വിത്തുകളാണ്
ഇവിടെ കൃഷി ചെയ്തത്. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ് മനുരത്‌ന എന്ന നെല്‍വിത്ത്.
നെല്‍ കൃഷി ആദായകരമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഗവണ്‍മെന്റ് തലത്തില്‍ എടുക്കുമെന്ന് ഉദ്ഘാടന വേളയില്‍
കൃഷിമന്ത്രി ഉറപ്പുനല്‍കി.
വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ കൃഷിയിറക്കുക എന്നതാണ് കര്‍ഷക സമിതിയുടെ
അടുത്ത ലക്ഷ്യം.
ഇതിന് ആവശ്യമായ ജലസേചന സൗകര്യങ്ങള്‍ കെ എല്‍ ഡി സി യുമായി ചര്‍ച്ചചെയ്ത് ഒരുക്കുമെന്ന് ചീഫ് വിപ്പ് പറഞ്ഞു.
നെല്ലിനു പുറമേ ചെറുധാന്യങ്ങള്‍ കൂടി കൃഷി ചെയ്യാനാണ് സമിതിയുടെ പദ്ധതി.
പ്രസിഡന്റ് സുന്ദരന്‍ കൈത്തു വളപ്പില്‍, സെക്രട്ടറി വിനീഷ് പി. മേനോന്‍, വിനോദ് എ റോളി എന്നിവരാണ് സമിതിയെ നയിക്കുന്നത്.
തൈക്കാട്ടുശ്ശേരി ഡിവിഷന്‍ കൗണ്‍സിലര്‍ സി പി പോളി പുല്ലൂര്‍ കൃഷിഭവന്‍ ഓഫീസര്‍ രേഷ്മ, ചാത്തന്‍കുളങ്ങര ക്ഷേത്രം മേല്‍ശാന്തി ശങ്കരനാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍
പരിപാടിയില്‍ പങ്കെടുത്തു.