മകളുടെ പേരിടല്‍ ചടങ്ങിനെത്തിയ ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പ കാലാവധിയില്‍ വിയ്യൂര്‍ ജയില്‍ വാര്‍ഡനെ മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടായതിനാല്‍ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇന്നലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനെത്തിയപ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തതെന്നാണു നാട്ടുകാര്‍ പറയുന്നത്. ആകാശിന്റെ സൂഹൃത്തുക്കള്‍ ഉള്‍പ്പെടെ വന്‍സംഘം പൊലീസ് സ്റ്റേഷന്‍ വളഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു.
വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ ആകാശിന്റെ സെല്ലിലെ ഫാന്‍ കേടായതിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്നാണ് ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ചത്. എത്രയും വേഗം ഫാന്‍ നന്നാക്കണമെന്നും ഇല്ലെങ്കില്‍ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തര്‍ക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.