മകന്‍ മരിച്ചിട്ട് നാലു ദിവസം; അറിയാതെ വൃദ്ധദമ്പതികള്‍

ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു

Update: 2024-10-29 15:00 GMT

ഹൈദരാബാദ്: മകന്‍ മരിച്ചതറിയാതെ മൃതദേഹവുമായി മാതാപിതാക്കള്‍ ഇരുന്നത് നാലു ദിവസം. പ്രായാധിക്യവും കാഴ്ച്ചാ പരിമിതിയുമുള്ള ദമ്പതികളാണ് 30 വയസുള്ള മകന്റെ മൃതദേഹവുമായി വീട്ടില്‍ ഇരുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ ബ്ലൈന്‍ഡ്‌സ് കോളനിയിലാണ് സംഭവം.

റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും ഇളയ മകന്‍ പ്രമോദിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്നതായി പോലിസ് പറഞ്ഞു. രമണയ്ക്കും ശാന്തികുമാരിക്കും 60 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് പ്രമോദിനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നാഗോള്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹെഡ് ഓഫീസര്‍ സൂര്യ നായക് പറഞ്ഞു. 'അവരുടെ ശബ്ദം ദുര്‍ബലമായിരുന്നു, അതുകൊണ്ടായിരിക്കാം അയല്‍ക്കാര്‍ വിവരമറിയാതിരുന്നത്.''- അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തിയപ്പോള്‍ രമണയും ശാന്തികുമാരിയും അര്‍ദ്ധബോധാവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവരെ വീട്ടില്‍ നിന്ന് പുറത്തിറക്കി ഭക്ഷണവും വെള്ളവും നല്‍കി. നാലോ അഞ്ചോ ദിവസം മുമ്പ് പ്രമോദ് ഉറക്കത്തില്‍ മരിച്ചിരിക്കാമെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും നായക് പറഞ്ഞു.

Tags:    

Similar News