ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി പരാതി; ചോദ്യം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ ആകാശ് തില്ലങ്കേരി മര്‍ദ്ദിച്ചു

അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ രാഹുല്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ തേടി.

Update: 2023-06-25 17:30 GMT

തൃശൂര്‍: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനിടെയായിരുന്നു മര്‍ദനം. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അസി. ജയിലര്‍ രാഹുലിന്റെ തല ആകാശ് ചുമരില്‍ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ആകാശിന്റെ ഭീഷണിയുണ്ടായിരുന്നു.

അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ രാഹുല്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ തേടി. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസിലടക്കം പ്രതിയായ ആകാശ് തില്ലങ്കേരി. അക്രമത്തിന് പിന്നാലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതിസുരക്ഷാ ജയിലിലേക്ക് ആകാശിനെ മാറ്റിയിട്ടുണ്ട്.






Tags:    

Similar News