സ്ത്രീവിരുദ്ധ പ്രസ്താവന; ബിജെപി നേതാവിനെതിരേ വനിതാകമ്മീഷന്‍ കേസെടുത്തു

ബിന്ദു, കനകദുര്‍ഗ എന്നിവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ബിജെപി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്രകടനം നടത്തിയത്.

Update: 2019-01-03 13:16 GMT

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനകദുര്‍ഗ എന്നിവരെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച ശിവരാജന്റെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ബിന്ദു, കനകദുര്‍ഗ എന്നിവരെ ജാതീയമായി ആക്ഷേപിച്ചും സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിലുമാണ് ശിവരാജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായപ്രകടനം നടത്തിയത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന സ്ത്രീകളുടെ അന്തസും പദവിയുമാണ് ഈ അഭിപ്രായ പ്രകടനത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ നിലപാടിന് വിരുദ്ധമായാണ് ഈ അഭിപ്രായപ്രകടനം. ഉന്നത പദവിയിലിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈവിധം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പ്രതിഷേധിക്കുന്നതായും ജോസഫൈന്‍ പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തിലും കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വം അപമാനിക്കപ്പെടുകയാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുളള സാഹചര്യമുണ്ടാവണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് തേടി തുടര്‍നടപടികള്‍ സ്വീകരിക്കും.


Tags:    

Similar News