തന്നെ കുരുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം; അരുൺ എൻഐഎയ്ക്കും കസ്റ്റംസിനും പരാതി നൽകി
സ്വപ്നയ്ക്ക് കാർ കുറഞ്ഞവിലയിൽ വാങ്ങുന്നതിന് ശിവശങ്കർ തന്റെ സഹായം തേടിയെന്നും പരാതിയിൽ അരുണ്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രൻ. തന്നെ കുരുക്കി ശിവശങ്കറെ രക്ഷിക്കാനാണ് ശ്രമമെന്നു ചൂണ്ടിക്കാട്ടി ഇദ്ദേഹം എൻഐഎയ്ക്കും കസ്റ്റംസിനും പരാതി നൽകി. സ്വപ്നയ്ക്ക് കാർ കുറഞ്ഞവിലയിൽ വാങ്ങുന്നതിന് ശിവശങ്കർ തന്റെ സഹായം തേടിയെന്നും പരാതിയിൽ അരുണ്‍ വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസ് പ്രതികൾക്കു ഫ്ളാറ്റ് ബുക്ക് ചെയ്തതിനെ തുടർന്ന് ഐടി വകുപ്പിലെ ഡയറക്ടറായ (മാർക്കറ്റിങ്) അരുണിനെ നീക്കിയിരുന്നു.
ഐടി വകുപ്പിൽ വരുന്നതിനു മുമ്പേ ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുണ്ടെന്ന് അരുൺ പറയുന്നു. ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് താൻ സ്വപ്നയുടെ ഭർത്താവ് ജയശങ്കറിനു മുറി ബുക്ക് ചെയ്തത്. അത് ആർക്കാണെന്ന കാര്യം പോലും തനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടിയാണെന്നാണ് ശിവശങ്കർ തന്നോട് പറഞ്ഞത്. അതു പറഞ്ഞതിന്റെ പേരിൽ ഇപ്പോൾ എല്ലാ കുറ്റവും ചെയ്തത് താനാണെന്ന് വരുത്തി ശിവശങ്കറെ രക്ഷിക്കാനും തന്നെ കേസിൽ കുടുക്കാനും ശ്രമം നടക്കുന്നുവെന്നാണ് അരുണ്‍ പരാതിയിൽ പറയുന്നത്.