ആശാ വര്‍ക്കര്‍മാരുടെ സമരം; ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: വിമന്‍ ഇന്ത്യ മൂവ്മെന്റ്

Update: 2025-02-21 18:17 GMT

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ചുട്ടുപൊള്ളുന്ന വേനലെന്നോ കോരിച്ചൊരിയുന്ന മഴയെന്നോ ഭേദമില്ലാതെ കര്‍മനിരതരായവര്‍ ഇന്ന് ആനുകുല്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ മുമ്പില്‍ സമരം ചെയ്യേണ്ട ഗതികേടിലാണ്. പുറത്തിറങ്ങാന്‍ എല്ലാവരും ഭയന്നിരുന്ന മഹാമാരിക്കാലത്തും ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും ദുരന്തനാളുകളിലും സഹജീവികള്‍ക്കായി സദാ രംഗത്തുണ്ടായ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ ഓണറേറിയം വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം രണ്ടാഴ്ച പിന്നിടുകയാണ്.


 മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി സമര്‍പ്പിതരായി ത്യാഗം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ ദൈന്യതയേക്കാള്‍ സര്‍ക്കാരിന് പ്രതിബദ്ധത ലക്ഷങ്ങള്‍ ശമ്പളവും ആനുകുല്യവും വാങ്ങുന്ന വരേണ്യ വിഭാഗങ്ങളോടാണ്. നാമമാത്ര ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനോ കുടിശ്ശിക പെന്‍ഷന്‍ നല്‍കാനോ തയ്യാറാകാത്ത സര്‍ക്കാര്‍ പിഎസ് സി അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാനും പാര്‍ട്ടി വിട്ട് മറുകണ്ടം ചാടിവരുന്ന കെ വി തോമസിനെ പോലെയുള്ളവരുടെ സുഖവാസം ഉറപ്പാക്കാനും അമിതാവേശം കാണിക്കുകയാണ്. പിഎസ് സി ചെയര്‍മാന്റെ ശമ്പളം 2.26 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി ഉയര്‍ത്തുന്നതിന് സാമ്പത്തിക ഞെരുക്കം സര്‍ക്കാരിന് തടസ്സമല്ല.

അതേസമയം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 7000 രൂപ നല്‍കുന്നത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാമ്പത്തികം തടസ്സമാണ്. ഇതു വഞ്ചനയാണ്. ആശാ വര്‍ക്കര്‍മാരെ കത്തിയെരിയുന്ന പൊരിവെയിലില്‍ നടത്തുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് അവരുടെ ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അവരുടെ സഹനസമരത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും എം ഐ ഇര്‍ഷാന പറഞ്ഞു.





Tags:    

Similar News