കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍
കൊവിഡ് മൂലം മരണമടഞ്ഞ ആസ്റ്റര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം നല്‍കുന്നതാണ് പദ്ധതി.ഏഴു രാജ്യങ്ങളിലായി ആസ്റ്ററിന്റെ 2880 ഡോക്ടര്‍മാരും, 6280 നഴ്‌സുമാരും, 11,000 അനുബന്ധ ജീവനക്കാരുമാണ് കൊവിഡിനെതിരെ പോരാടുന്നത്.ഇതുവരെ ആസ്റ്ററിലെ 5150ല്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചു, അവരില്‍ ഭൂരിഭാഗവും സുഖം പ്രാപിച്ച് ജോലി പുനരാരംഭിച്ചു.നിര്‍ഭാഗ്യവശാല്‍, രോഗബാധിതരായ അഞ്ചു ജീവനക്കാര്‍ കൊവിഡി ന് കീഴടങ്ങിയിട്ടുണ്ട്.
കൊച്ചി: കൊവിഡ് ബാധിച്ച് മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തെ സഹായ പദ്ധതി പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം പത്ത് വര്‍ഷം കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
രോഗികളുടെ ആവശ്യങ്ങള്‍ക്ക് സ്വന്തം ജീവനേക്കാള്‍ മുന്‍ഗണന നല്‍കിയ സമര്‍പ്പിതരായ ജീവനക്കാര്‍ തന്നെയാണ് കൊവിഡ് നെതിരായ ഈ പോരാട്ടത്തിലെ യഥാര്‍ഥ നായകരെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രോഗത്തിന്റെ അവശതയുണ്ടെങ്കിലും രോഗം ബാധിച്ച ജീവനക്കാരില്‍ ഭൂരിഭാഗവും മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനായി ജോലിയില്‍ വീണ്ടും പ്രവേശിച്ചു. എന്നാല്‍ ഏതാനും ചിലര്‍ക്ക് ഈ മഹാമാരിക്ക് മുന്നില്‍ കീഴടങ്ങേണ്ടിയും വന്നിട്ടുണ്ട്. മരണമടഞ്ഞ അവരില്‍ പലരും അവരുടെ കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു എന്നതിനാല്‍ ആ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് സ്ഥാപനം തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
കൊവിഡിന് കീഴടങ്ങിയ ഓരോ ആസ്റ്റര്‍ ജീവനക്കാരും പകരം വെയ്ക്കാനില്ലാത്തവരാണ്. അവര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്ററിനും സമൂഹത്തിനും അവര്‍ നല്‍കിയ സമര്‍പ്പണങ്ങളോട് എല്ലായ്പ്പോഴും നന്ദിയുണ്ടാകും. ജീവിതത്തിലെ ഏറ്റവും കഠിനമായ ആഘാതത്തെ നേരിട്ട അവരുടെ കുടുംബങ്ങളെ സഹായിക്കാനായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണിതെന്ന് അറിയാം. എങ്കിലും ഈ ദുഷ്‌കരമായ സമയങ്ങളില്‍ അവര്‍ക്ക് കുറച്ച് പിന്തുണയും ആശ്വാസവും നല്‍കാനെങ്കിലും ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമുള്‍പ്പെടെ ഏഴു രാജ്യങ്ങളിലായി ഇതുവരെ 28,000 കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് സേവനം നല്‍കുകയും, 1,662,726 പേരെ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 27 ആശുപത്രികള്‍, 115 ക്ലിനിക്കുകള്‍, 225 ഫാര്‍മസികള്‍ എന്നിവയുള്‍ക്കൊള്ളുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറില്‍ 21,000 ജീവനക്കാരാണ് സേവനനിരതരായിട്ടുള്ളതെന്നും ഡോ.ആസാദ് മൂപ്പന്‍ വ്യക്തമാക്കി.