കഴക്കൂട്ടത്ത് അർധരാത്രിയിൽ ഗുണ്ടാ ആക്രമണം; വീട് തകർത്തു
വസ്‌തു സംബന്ധമായ കേസ് നിലനിൽക്കെ എതിർ കക്ഷി ഭീഷണിപ്പെടുത്തിയതായി ഇവർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: കഴക്കൂട്ടത്ത് അർധരാത്രിയിൽ വീടിനു നേരെയുണ്ടായ ഗുണ്ടാ അക്രമത്തിൽ വീട് തകർന്നു. ഇന്നലെ രാത്രി പതിനൊന്നരക്ക് കഴക്കൂട്ടം ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന മഞ്ജുവിന്‍റെ ഹോട്ടലിനോടു ചേർന്ന മുറിയാണ് അക്രമികൾ തകർത്തത്. ചുവരിടിച്ച് മുറിയിലെ സാധനങ്ങൾ വാരി പുറത്തിട്ടിരുന്നു. ഉറക്കത്തിൽ ശബ്‌ദം കേട്ട് മഞ്ജുവും ഭർത്താവും നിലവിളിച്ചെങ്കിലും മാരകായുധങ്ങളോടെ നിന്ന പത്തോളം പേരെ തടയാൻ കഴിഞ്ഞിരുന്നില്ല. അക്രമം നടന്ന് വൈകിയാണ് പോലിസെത്തിയതെന്നും സ്‌റ്റേഷനിലെത്തി പരാതി നൽകിയിട്ട് നടപടി സ്വീകരിച്ചിരുന്നില്ലെന്നും മഞ്ജുവും ഭർത്താവും ആരോപിച്ചു. പോലിസ് ഒത്താശയോടെ നടന്ന അക്രമമാണെന്നാണ് ഇവരുടെ ആക്ഷേപം. വസ്‌തു സംബന്ധമായ കേസ് നിലനിൽക്കെ എതിർ കക്ഷി ഭീഷണിപ്പെടുത്തിയതായി ഇവർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. തുടർന്ന് രണ്ടാം ദിവസമാണ് അക്രമം നടന്നത്.