എടിഎം മെഷീന്‍ തകര്‍ത്ത് മോഷണശ്രമം

പോലിസ് നായ മണംപിടിച്ച് കണ്ടുപിടിക്കാതിരിക്കാന്‍ തകര്‍ത്ത എടിഎം കൗണ്ടറില്‍ മുളകുപൊടി വിതറിയാണ് സംഘം മടങ്ങിയത്

Update: 2019-04-06 05:13 GMT

ആലപ്പുഴ: എടിഎം മെഷീന്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. ആലപ്പുഴ തുറവൂര്‍ ആലക്കാപ്പറമ്പിന്ന് സമീപം ദേശീയപാതയിലുള്ള കനറാ ബാങ്കിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മാണ് തകര്‍ത്തത്. ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലെ ചില്ല് തകര്‍ത്തും കാറുപയോഗിച്ച് കെട്ടിവലിച്ചുമാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. മുഖംമൂടി ധരിച്ചയാള്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് കൗണ്ടറിലെ സിസിടിവി മറച്ചതിനു ശേഷമാണ് മോഷണ ശ്രമം നടത്തിയത്. എടിഎം കൗണ്ടറിന്റെ ചില്ല് ഭിത്തിയും തകര്‍ത്ത നിലയിലാണ്. എടിഎമ്മില്‍ നിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മോഷ്ടാക്കള്‍ കൊണ്ടുവന്ന ആയുധങ്ങള്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധ നടത്തി. പോലിസ് നായ മണംപിടിച്ച് കണ്ടുപിടിക്കാതിരിക്കാന്‍ തകര്‍ത്ത എടിഎം കൗണ്ടറില്‍ മുളകുപൊടി വിതറിയാണ് സംഘം മടങ്ങിയത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പോലിസ് അറിയിച്ചു.





Tags:    

Similar News