റോഡിന്റെ നിലവാരം പരിശോധിക്കാന്‍ ഓട്ടോമാറ്റിക് പരിശോധനാ ലാബ് കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്
ഓരോ ജില്ലയിലും റോഡ് നിര്‍മാണ പ്രവൃത്തി പരിശോധനക്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: പൊതുമരാമത്ത്, വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.റോഡ് പ്രവൃത്തിയുടെ നിലവാരം സ്ഥലത്തെത്തി പരിശോധിക്കാന്‍ ഓട്ടോമാറ്റിക്ക് പരിശോധാനാ ലാബ് കൊണ്ടുവരും.കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജ്യണലുകളിലാണ് ഓട്ടോമാറ്റിക്ക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേകം വാഹനം സജ്ജമാക്കും. ഈ വാഹനമാണ് റോഡ് പണി നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓരോ ജില്ലയിലും റോഡ് നിര്‍മാണ പ്രവൃത്തി പരിശോധനക്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലെത്താനും മറ്റും വാഹന സൗകര്യമടക്കം ഉറപ്പാക്കും. ഓരോ മണ്ഡലത്തിലും റോഡ് നിര്‍മാണ പ്രവൃത്തി പരിശോധനയ്ക്ക് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.സ്വിച്ചിട്ടാന്‍ ഉടന്‍ കത്തുന്ന തരത്തിലേക്ക് വകുപ്പിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫീല്‍ഡില്‍ പരിശോധന ശക്തമാക്കും. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ആക്ഷേപമാണ് ഉയര്‍ന്ന് വരുന്നത്. തകരാത്ത റോഡ് ടാര്‍ ചെയ്യുന്ന പരാതികളും, ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടെല്ലാം ആക്ഷേപം ഉയരുന്നുണ്ട്. ഇതിലെല്ലാം വിജിലന്‍സ് പരിശോധന ശക്തമാക്കും.ജനങ്ങള്‍ക്ക് പരാതി പറയാനും പരാതിയുടെ തല്‍സ്ഥിതി അറിയിക്കാനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. റോഡ് അറ്റകുറ്റപ്പണിക്ക് നല്‍കുന്ന തുക കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.