ബാരാബങ്കി മസ്ജിദ് തകര്‍ത്തത് നീതിപീഠത്തോടുള്ള പരസ്യമായ വെല്ലുവിളി; ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം: മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

Update: 2021-05-21 16:02 GMT

ഓച്ചിറ: നവാസ് ഗരീബ് മസ്ജിദ് എന്നറിയപ്പെടുന്ന ബാരാബങ്കി മസ്ജിദ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെ തകര്‍ത്തത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരള അധ്യക്ഷന്‍ മൗലാന പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പ്രസ്താവിച്ചു. ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നവാസ് ഗരീബ് മസ്ജിദിന് നേരേ അനാവശ്യ ആരോപണമുന്നയിച്ച് മസ്ജിദ് പൊളിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതെത്തുടര്‍ന്ന് കേസ് കോടതിയിലെത്തുകയും സ്‌റ്റേ ചെയ്യുകയുമുണ്ടായി.

ഈ സ്‌റ്റേ നിലനില്‍ക്കെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെ മസ്ജിദ് പൊളിച്ചുനീക്കിയത് ഏറെ അപലപനീയമാണ്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം ചെയ്തികള്‍ ഭാവിയില്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബാബരി ആവര്‍ത്തിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ആയതിനാല്‍ നീതിപീഠംതന്നെ ഇതില്‍ നേരിട്ടിടപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും മസ്ജിദ് പുനര്‍നിര്‍മിക്കുകയും ചെയ്യണമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News