ബാരബങ്കിയില്‍ മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവം: സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുസ് ലിംലീഗ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ബാരബങ്കിയില്‍ മസ്ജിദ് തകര്‍ത്ത സ്ഥലം സന്ദര്‍ശിക്കാന്‍ പോയ മുസ് ലിംലീഗ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഡോ: മതീന്‍ ഖാനെ പോലിസ് അറസ്റ്റ് ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ബാരബങ്കിയില്‍ തകര്‍ക്കപ്പെട്ട മസ്ജിദ് സന്ദര്‍ശിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം പോയ ഡോ: മതീന്‍ ഖാനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചു എന്നാരോപിച്ചാണ് രാം സനേഹിഗഡ് പോലിസ് അറസ്റ്റ് ചെയ്തതെന്നും ഇന്ന് രാവിലെ ബാരബങ്കി ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ഇ ടി അറിയിച്ചു.
'ഉത്തര്‍പ്രദേശ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റ് ഡോ: മതീന്‍ ഖാനെ പോലിസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് കേട്ടത്. പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബാരബങ്കിയില്‍ തകര്‍ക്കപ്പെട്ട മസ്ജിദ് സന്ദര്‍ശിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം പോയതാണ് അദ്ദേഹം. നിരോധനാജ്ഞ ലംഘിച്ചു എന്നാരോപിച്ചാണ് രാം സനേഹിഗഡ് പോലിസ് അറസ്റ്റ് ചെയ്തത്'. ഇ ടി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
'അറസ്റ്റ് ചെയ്ത പോലിസ് ഓഫിസറുമായി സംസാരിച്ചു. രാവിലെ തന്നെ ബാരബങ്കി ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും എന്നാണ് പോലിസ് പറയുന്നത്. ഉത്തര്‍പ്രദേശ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ: മുഹമ്മദ് ഉവൈസിനോട് അടിയന്തിരമായി സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടാനും ജാമ്യം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തീര്‍ത്തും നിയമവിരുദ്ധമായി, ഹൈക്കോടതിയെ പോലും വകവെക്കാതെ ഒരു ആരാധനാലയം തകര്‍ത്തെറിയുകയും അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ പോലിസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന യു പി സര്‍ക്കാരിന്റെ സമീപനം ജനാധിപത്യവിരുദ്ധമാണ്. ഭയപ്പെടുത്തി നിശബ്ദരാക്കാനാവില്ല. മുസ്‌ലിം ലീഗ് ഈ നിയമരാഹിത്യത്തിനെതിരെ ധീരമായി ശബ്ദമുയര്‍ത്തുന്നത് തുടരും'. ഇ ടി മുഹമ്മദ് ബഷീര്‍ അറിയിച്ചുു.