ബിജെപിയോട് നിസഹകരണം പ്രഖ്യാപിച്ച് നെടുമങ്ങാട് വ്യാപാരസമൂഹവും
രാവിലെ തന്നെ കടകമ്പോളങ്ങൾ ഭാഗീകമായി അടച്ചിരുന്നു. ഉച്ചയോടെ കടകളും നെടുമങ്ങാട് താലൂക്കിന്റെ പൊതുമാർക്കറ്റും പൂർണമായി അടച്ച് വ്യാപാരി സമൂഹം പ്രതിഷേധമറിയിച്ചു.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് യോഗം നടത്തിയ ബിജെപിക്കെതിരെ നെടുമങ്ങാടും നിസഹകരണം. ഇന്ന് വൈകീട്ട് ആറിന് നെടുമങ്ങാട് ടൗണിൽ നടത്തി ജനജാഗ്രത സദസ്സിനെതിരേയാണ് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചത്. രാവിലെ തന്നെ കടകമ്പോളങ്ങൾ ഭാഗീകമായി അടച്ചിരുന്നു. ഉച്ചയോടെ കടകളും നെടുമങ്ങാട് താലൂക്കിന്റെ പൊതുമാർക്കറ്റും പൂർണമായി അടച്ച് വ്യാപാരി സമൂഹം പ്രതിഷേധമറിയിച്ചു.
ആർഎസ്എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വൽസൻ തില്ലങ്കരി ആയിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകൻ. പ്രകടനം നടത്തിയ ശേഷമായിരുന്നു പൊതുയോഗം. കഴിഞ്ഞ ദിവസം പേട്ടയിൽ ബിജെപി സംഘടിപ്പിച്ച യോഗവും വ്യാപാരികൾ ഉൾപ്പെടെയുള്ളവർ ബഹിഷ്‌കരിച്ചിരുന്നു. കടകളടച്ച് പ്രതിഷേധിച്ച വ്യാപാരികൾക്കെതിരേ ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തിൽ ഭീഷണി മുഴക്കിയിരുന്നു.