നടപ്പാലം പൊളിഞ്ഞുവീണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
തൊഴിലാളികൾ തോടിനു കുറുകെയുള്ള ചെറിയ കോൺക്രീറ്റ് പാലത്തിനു മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പാലം പൊളിഞ്ഞു വീഴുകയായിരുന്നു.
തിരുവനന്തപുരം: നടപ്പാലം പൊളിഞ്ഞുവീണ് പരിക്കേറ്റ നാല് തൊഴിലുറപ്പ് തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പുന്നക്കുളം സ്വദേശികളായ ശ്രീദേവി (51), സിന്ധുമോൾ (41), ഷീജ (43), ഷിബി (41) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പുന്നക്കുളം വാർഡിലെ തോടു വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
തൊഴിലാളികൾ തോടിനു കുറുകെയുള്ള ചെറിയ കോൺക്രീറ്റ് പാലത്തിനു മുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ പാലം പൊളിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. പാലം കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ താണെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ മറ്റു നാലു പേരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലയ്ക്കും മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഷീജയ്ക്ക് നട്ടെല്ലിന് പരിക്കുണ്ട്. മറ്റുള്ളവർക്ക് പരിക്ക് ഗുരുതരമല്ല.