സംസ്ഥാനത്ത് കർഷക ക്ഷേമബോർഡ് രൂപീകരിച്ചു; നെല്ലുസംഭരണത്തിന് സഹകരണ സംഘങ്ങൾ
കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ വർധിപ്പിക്കുന്നതും ശബരിമല ദർശനത്തിനുള്ള വിദഗ്ധ സമിതി നിർദ്ദേശവും ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണത്തിന് സഹകരണ സംഘങ്ങളെ കൂടി ചുമതലപ്പെടുത്തി. സ്വകാര്യ മില്ലുകളെ ഒഴിവാക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കർഷക ക്ഷേമ ബോർഡ് രൂപീകരിക്കാനും തീരുമാനിച്ചു. ഡോ.പി രാജേന്ദ്രനാണ് ബോർഡിൻ്റെ ചെയർമാൻ. അതേസമയം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ വർധിപ്പിക്കുന്നതും ശബരിമല ദർശനത്തിനുള്ള വിദഗ്ധ സമിതി നിർദ്ദേശവും ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേകം ചർച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.
നെല്ല് സംഭരണത്തിൽ നേരിടുന്ന പ്രശ്നങ്ങളായിരുന്നു ഇന്നത്തെ മന്ത്രിസഭായോഗത്തിലെ പ്രധാന അജണ്ട. സപ്ലൈകോയും സ്വകാര്യ മില്ലുടമകളും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനാൽ പാലക്കാടുൾപ്പെടെ പ്രധാനപ്പെട്ട നെല്ല് ഉത്‌പാദന കേന്ദ്രങ്ങളിൽ നിന്ന് കൃഷി കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാനാകാത്ത സ്ഥിതിയാണ്. 2008ലെ പ്രളയത്തിന്റെ ഭാഗമായി നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് പ്രോസസിങ് ഫീസ് പിരിക്കുന്നത് എതിർത്തുകൊണ്ടാണ് സ്വകാര്യ മില്ലുടമകൾ സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ ഈ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
സപ്ലൈകോയ്ക്കൊപ്പം സഹകരണ മേഖലയെക്കൂടി നെല്ല് സംഭരണത്തിൽ ഉൾപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. നിലവിൽ സപ്ലൈകോയുടെ എട്ട് മില്ലുകളിൽ കൂടി മാത്രമേ നെല്ല് സംഭരിക്കുന്നുള്ളു. ബാക്കിയുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാനാണ് തീരുമാനം.