തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. തന്നെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിമാരെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്.
എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുറഹ്മാന്‍ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട എം ബി രാജേഷിന് സ്പീക്കര്‍ പദവി നല്‍കാനാണ് സിപിഎമ്മില്‍ ധാരണയായത്. മുന്‍മന്ത്രി കെ കെ ഷൈലജ പാര്‍ട്ടി വിപ്പായി നിയമസഭയില്‍ പ്രവര്‍ത്തിക്കും. മുന്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.