കോടികള്‍ കൈക്കലാക്കി; തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്‍ഥികള്‍; കാനഡ വിസ തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍
മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരില്‍ ഐഇഎല്‍ടിഎസ് പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി ഇരുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടയം കുറവിലങ്ങാട് കരയില്‍ നസ്രത്ത് ഹില്‍ ഭാഗത്ത് കരിക്കുളം വീട്ടില്‍ ഡിനോ ബാബു സെബാസ്റ്റ്യന്‍ (31) ആണ് മൂവാറ്റുപുഴ പോലിസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരില്‍ ഐഇഎല്‍ടിഎസ് പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. 2019 മുതല്‍ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപറ്റി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ ഒളിവില്‍ പോയ പ്രതിയെ എറണാകുളത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കുകയും ഒളിവില്‍ പോവുകയും ചെയ്ത മറ്റു പ്രതികള്‍ക്കെതിരെ പോലിസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.