സുനാമി ബാധിതർക്കായി നിർമിച്ച വീടുകളെ കുറിച്ച് സിബിഐ അന്വേഷണം

വീടുകളുടെ നിർമാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് സിബിഐ ആരാഞ്ഞത്.

Update: 2020-10-14 08:30 GMT

കൊല്ലം: സുനാമി ബാധിതർക്ക് കൊല്ലം ജില്ലയിൽ നിർമിച്ച് നൽകിയ വീടുകളുടെ വിവരങ്ങൾ തേടി സിബിഐ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. രണ്ട് സ്വകാര്യ ഏജൻസികൾ നിർമിച്ച് നൽകിയ 30 വീടുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. വീടുകളുടെ നിർമാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് രേഖാമൂലം നൽകിയ കത്തിൽ സിബിഐ ആരാഞ്ഞത്. രേഖകൾ ജില്ലാ ഭരണകൂടം ഉടൻ സിബിഐക്ക് കൈമാറുമെന്നാണ് സൂചന.

ലൈഫ് മിഷൻ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് സുനാമി വീടുകളുടെ നിർമാണത്തെ കുറിച്ചുള്ള വിവരങ്ങളും സിബിഐ തേടിയത്. നിർമാണം പൂർത്തിയാക്കി പത്ത് വർഷങ്ങൾക്ക് ശേഷം ഇത്തരത്തിലുള്ള വിവരങ്ങൾ സിബിഐ തേടാനുള്ള കാരണം വ്യക്തമല്ല.

സർക്കാർ രേഖകളിലുള്ള രണ്ട് ഏജൻസികൾ മാത്രമാണോ നിർമാണത്തിനായുള്ള പണം മുടക്കിയത്, മറ്റേതെങ്കിലും വിദേശ ഏജൻസികളുടെ പണം നിർമാണത്തിന് ലഭിച്ചിട്ടുണ്ടോ, വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡം സർക്കാർ നിർദേശിച്ചിരുന്നോ എന്നിവയാണ് കത്തിലെ പ്രധാന ചോദ്യങ്ങൾ.

സുനാമി ബാധിതർക്കായി കൊല്ലത്ത് 2211 വീടുകളാണ് നിർമിച്ചിരുന്നത്. ഇതിൽ ഭൂരിപക്ഷം വീടുകളും നിർമിച്ചത് സ്വകാര്യ ഏജൻസികളായിരുന്നു. ഇതിൽ രണ്ട് ഏജൻസികൾ നിർമിച്ച 30 വീടുകളുടെ നിർമാണത്തിന്റെ രേഖകൾ അടങ്ങിയ ഫയലും സിബിഐ അവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News