സിക്ക വൈറസ്: ആറംഗ കേന്ദ്ര വിദഗ്ധസംഘം കേരളത്തിലേക്ക്

Update: 2021-07-09 17:51 GMT

തിരുവനന്തപുരം: കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ പഠിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് ആറംഗ വിദഗ്ധസംഘത്തെ അയച്ചു. തെക്കന്‍ കേരളത്തില്‍ ഇതുവരെ 14 സിക്ക വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുജനാരോഗ്യ വിദഗ്ധര്‍, വെക്ടര്‍ ബോണ്‍ ഡിസീസ് വിദഗ്ധര്‍, എയിംസില്‍നിന്നുള്ള ക്ലിനിക്കല്‍ വിദഗ്ധര്‍ അടങ്ങുന്നതാണ് ആറംഗ സംഘം. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

സിക്ക കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍നിന്നും നേരത്തെ അയച്ച 19 സാംപിളുകളില്‍ 13 പേര്‍ക്കാണ് സിക്ക പോസിറ്റീവാണെന്ന് എന്‍ഐവി പൂനയില്‍നിന്നും സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരാണെല്ലാം. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തിലെ വിവിധ പ്രദേശവും അവരുടെ യാത്രാചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും.

ഇതുകൂടാതെ കഴിഞ്ഞദിവസം ആശുപത്രി പരിശോധനയില്‍ 24 വയസുകാരിയില്‍ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. സിക്കയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് സമാനമാണ്. പനി, തളര്‍ച്ച, സന്ധി വേദന എന്നിവ ഉള്‍പ്പെടുന്നു. സിക്കയുടെ വ്യാപനം നിയന്ത്രിക്കാന്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമാവാനും മരണത്തിനുമുള്ള സാധ്യത കുറവാണെങ്കിലും 4 മാസം വരെയെത്തിയ ഗര്‍ഭിണികളില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമടക്കം പ്രത്യാഘാതങ്ങള്‍ക്ക് കാരണാവും.

പനിയുള്ള 5 മാസം വരെയുള്ള ഗര്‍ഭിണികളില്‍ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി വൈറസ് കണ്ടെത്താനുള്ള ലാബ് സൗകര്യം കൂട്ടും. മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. അന്താരാഷ്ട്രതലത്തില്‍ നേരത്തെ വലിയ ആശങ്കകള്‍ക്കിടയാക്കിയ സിക്ക വൈറസ് വ്യാപനം ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

Tags:    

Similar News